Deuteronomy 23

1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

2ജാരസന്തതി യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

3ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്. 4നിങ്ങൾ ഈജിപ്റ്റിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുമായി വഴിയിൽ നിങ്ങളെ സ്വീകരിക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ നിങ്ങൾക്കു വിരോധമായി കൂലിയ്ക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.

5എന്നാൽ ബിലെയാമിന് ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവയ്ക്ക് മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു. 6ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി ചിന്തിക്കരുത്.

7ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ. 8അവർക്കു ജനിക്കുന്ന മൂന്നാം തലമുറയിലെ മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.

9ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷിച്ചുകൊള്ളേണം. 10രാത്രിയിൽ സംഭവിച്ച ഏതെങ്കിലും കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുവൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന് പുറത്തുപോകേണം; പാളയത്തിനകത്ത് വരരുത്. 11സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചശേഷം അവന് പാളയത്തിനകത്തു വരാം.

12വിസർജനത്തിനു പോകുവാൻ നിനക്ക് പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കേണം. 13നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; വിസർജനത്തിന് ഇരിക്കുമ്പോൾ അതുകൊണ്ട് ഒരു കുഴി കുഴിച്ച് നിന്റെ വിസർജ്ജനം മൂടിക്കളയേണം. 14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്ങളുടെ ഇടയിൽ വൃത്തികേടു കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

15യജമാനനെ വിട്ട് നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുത്. 16അവൻ നിങ്ങളുടെ ഇടയിൽ ഏതെങ്കിലും പട്ടണത്തിൽ തനിക്കു ബോധിച്ചിടത്ത് നിന്നോടുകൂടെ പാർക്കട്ടെ; അവനെ ബുദ്ധിമുട്ടിക്കരുത്.

17യിസ്രായേൽപുത്രിമാരുടെ ഇടയിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരുടെ ഇടയിൽ ഒരു പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്. 18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായും കൊണ്ടുവരരുത്; ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

19പണത്തിനോ, ആഹാരത്തിനോ, വായ്പ്പ കൊടുക്കുന്ന ഏതെങ്കിലും വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്. 20അന്യനോട് പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ കൈവയ്ക്കുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോട് പലിശ വാങ്ങരുത്.

21നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്നാൽ അത് നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിനക്ക് പാപമായിരിക്കും. 22നേരാതിരിക്കുന്നത് പാപം ആകയില്ല. 23നിന്റെ നാവിൽനിന്നു വീണത് നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവക്ക് നേർന്നതുപോലെ നിവർത്തിക്കയും വേണം.

24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുത്.

കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വക്കരുത്.

25

Copyright information for MalULB